തിരുവല്ല: പാഴ്വസ്തുക്കളിൽ നിന്ന് തീ പടർന്ന് ലക്ഷക്കണക്കിന് വില വരുന്ന ഊതുമരങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. അയൽവാസി തന്റെ പുരയിടത്തിലെ പാഴ്വസ്തുക്കൾ സമീപപുരയിടത്തിലിട്ട് കത്തിക്കുകയായിരുന്നുവെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെയാണ് തീ കത്തിച്ചതെന്ന് പരാതി ഉയരുന്നത്.
കവിയൂർ ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ വലിയമനക്കൽ ജോൺ മാത്യൂവിന്റെയും മകൾ അനില വിനോദിന്റെ പേരിലുള്ള പുരയിടയത്തിൽ നിന്നിരുന്ന 35 ഓളം ഊതുമരങ്ങളാണ് സമീപവാസി തീ ഇട്ടതിനേ തുടർന്ന് കത്തി നശിച്ചത് . അത്തർ നിർമിക്കുന്നതിനുപയോഗിക്കുന്ന ഊത് മരങ്ങളാണ് നട്ടുവളർത്തിയിരുന്നത്. നല്ല വില വരുന്ന മരങ്ങളാണ് ഊത്. നാലുവർഷത്തോളം വളർച്ചയെത്തിയ മരങ്ങളാണ് കത്തി നശിച്ചത്. ഊതു മരങ്ങൾക്കൊപ്പം ആഞ്ഞിലിയും മറ്റ് മരങ്ങളും നശിച്ചു.
സമീപവാസി കരിയിലയും മറ്റു പാഴ്വസ്തുക്കളും അനില വിനോദിന്റെ പുരയിടത്തിൽ ഇട്ട് കത്തിക്കുകയായിരുന്നു. ഇവിടെനിന്നും തീ പടർന്നു സമീപമുള്ള വലിയവനക്കൽ വസ്തുവിൽ നിന്ന മുളംകുട്ടത്തിന് ആദ്യം തീ പിടിച്ചു തുടർന്ന് ആണ് ഊതുമരങ്ങൾ കത്തി നശിച്ചത്.
തിരുവല്ലയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് ആളിപ്പടർന്ന തീ കെടുത്തിയത്. വിലയേറിയ ഊതു മരങ്ങൾ കത്തി നശിച്ചതിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി ജോൺ മാത്യു പറഞ്ഞു. തീയിട്ടയാൾക്കെതിരേ തിരുവല്ല പോലീസിൽ പരാതി നൽകിയിട്ടുണ്ട്.